Saturday, September 25, 2010

ഓര്‍മകളുടെ സുഗന്ധം

ഓര്‍മകളുടെ സുഗന്ധം

ചന്ദ്രിക സോപ്പിന്റെ മണം അടിക്കുമ്പോള്‍ ഒരു മഴക്കാലത്ത്‌ തറവാട്ട്‌ കുളത്തില്‍ കുളിച്ചത് ഓര്മ വരും. .. കുളത്തില്‍ ചാടി മുങ്ങാങ്കുഴി ഇട്ടപ്പോള്‍ മൂക്കില്‍ കയറിയ വെള്ളത്തിന്റെ നീറല്‍ ഓര്‍മ വരും ...വേഗം അലിഞ്ഞു പോകുന്ന സോപ്പായിരുന്നു ചന്ദ്രിക....നല്ല പതയും .....

Friday, July 30, 2010

ഇടവഴി പച്ചകള്‍

നാട്ടിലെ ഇടവഴികളിലെ പച്ചപ്പുതട്ടി നടക്കാനാണ് എന്‍റെ മോഹം

കുന്നത്ത് നിന്നും ഒഴുകി വരുന്ന ചാലുവെള്ളത്തില്‍ കാലു കൊണ്ടു പടക്കം പൊട്ടിച്ചങ്ങനെ നടക്കണം

വേലിയിലെ കമ്മ്യുണിസ്റ്റു പച്ചയുടെ ഇല പറിച്ചെടുത്തു കൈവെള്ള ചുരുട്ടി അതിന്‍ മേലെ വെച്ചു "ടപ്പോ" ന്നു പൊട്ടിക്കണം.

തുപ്പലം പൊട്ടിക്കായ ഉണങ്ങിയോന്നു നോക്കണം. ഉണ്ടെങ്കില്‍ അതും പൊട്ടിക്കാലോ?

പെട്ടിക്കടയിലെ ഉപ്പു പാനയില്‍ കയറിയിരുന്ന് കപ്പലണ്ടി മി0യി തിന്നണം. കാശുണ്ടെങ്കില്‍ തേന്‍ നിലാവും വാങ്ങി തിന്നണം. കടയില്‍ തൂക്കിയിട്ടിരിക്കുന്ന മംഗളവും മനോരമയും ഓസിനു വായിക്കണം. വില്‍ക്കാന്‍ വെച്ചിട്ടുള്ള കണ്ണാടിയില്‍ നോക്കി മുഖക്കുരു പൊട്ടിക്കണം.

പുതിയ സിനിമ വിളിച്ചു പറഞ്ഞു പോകുമ്പോള്‍ ജീപ്പിന്‍റെ പിന്നാലെ ഓടണം. നോട്ടീസിനായി കാറ്റിനോട് മത്സരിക്കണം. കിട്ടിയ നോട്ടിസു കൊണ്ട് പേപ്പര്‍ പടക്കം ഉണ്ടാക്കണം, പിന്നെ പൊട്ടിക്കണം.

സന്ധ്യക്ക്‌ ചിമ്മുന്ന ഇലക്ട്രിക് കാലിലെ ബള്‍ബു എറിഞ്ഞു പൊട്ടിക്കണം.

വീട്ടിലെത്തണം.

ഇക്കണ്ടതെല്ലാം പൊട്ടിച്ചതിനു അച്ച്ഛന്റെ പൊട്ടിക്കല്‍ വാങ്ങണം.

അമ്മ കാച്ചുന്ന പപ്പടം അഡ്വാന്‍സായി വാങ്ങി പൊട്ടിച്ചു തിന്നണം.

അടുക്കളയിലെ കൊണ്ടാട്ടം വെച്ച കുപ്പിയൊന്നു പൊട്ടിച്ചാല്‍ കേമായി.

ഇനിയുറങ്ങാം ....